കോഴിക്കോട് ● മെഡിക്കൽ കോളേജിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശത്തെ തുടർന്ന് കോളേജ് പരിസരത്ത് സുരക്ഷാ പരിശോധന ശക്തമാക്കി. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സന്ദേശമെത്തിയത്. മെഡിക്കൽ കോളേജ് പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഇമെയിലിലെ ഉള്ളടക്കം. വിവരമറിഞ്ഞ ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി, ഒപി വിഭാഗം ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ പരിശോധന ആരംഭിച്ചു.
ബോംബ് സ്ക്വാഡും പൊലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. പാർക്കിംഗ് ഏരിയകൾ ഉൾപ്പെടെ എല്ലാ സാധ്യതയുള്ള സ്ഥലങ്ങളും വിശദമായി പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. ഏകദേശം ഒരു മണിക്കൂറിലേറെ നീണ്ട പരിശോധനയ്ക്കിടയിലും സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ല. തമിഴ്നാട്ടിൽ നിന്നുള്ള മെയിൽ ഐഡി വഴിയാണ് ഭീഷണി സന്ദേശം എത്തിയതെന്നാണ് പ്രാഥമിക വിവരം.
സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി സൈബർ വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, സുരക്ഷ ഉറപ്പാക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ആശുപത്രി പോലുള്ള അതീവസെൻസിറ്റീവ് കേന്ദ്രങ്ങളിൽ ഉയരുന്ന ബോംബ് ഭീഷണികൾ, യാഥാർഥ്യമാകുകയോ വ്യാജമാകുകയോ ചെയ്താലും സമൂഹത്തിൽ വലിയ മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നതാണ്. ആരോഗ്യ സേവനങ്ങൾ തടസ്സപ്പെടുകയും രോഗികളും ബന്ധുക്കളും ഭീതിയിലാകുകയും ചെയ്യുന്നു. ഇത്തരം വ്യാജ ഭീഷണികൾക്ക് പിന്നിലെ ഉറവിടങ്ങൾ കണ്ടെത്തി കർശനമായ നിയമനടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. സുരക്ഷാ ഏജൻസികളുടെ ജാഗ്രതയും വേഗത്തിലുള്ള ഇടപെടലുമാണ് ഇത്തരം സാഹചര്യങ്ങളിൽ പൊതുസമാധാനം നിലനിർത്താനുള്ള ഏക മാർഗം.
Post a Comment